പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് തിരിമറിയില്‍ സി.പി.എം നടപടിക്കൊരുങ്ങുന്നു

  • 05/05/2022

കണ്ണൂര്‍:  സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ നടപടിയ്ക്ക് ഒരുങ്ങി ജില്ലാ നേതൃത്വം. 

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി സി പി എം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു ആരോപണം . 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറിയും പുറത്തായത്. 

കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പയ്യന്നൂരിലെ പാര്‍ട്ടിയ്ക്ക് എതിരെ ഉണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്‍ കുറ്റാക്കാരായി കണ്ടെത്തിയ എല്ലാവര്‍ക്കും എതിരെ നടപടി ഉണ്ടാവില്ലെന്നാണ് സുചന.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഫണ്ട് തട്ടിപ്പ് നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഉണ്ട്.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന ജില്ല കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും നടപടിയിലേക്ക് പോയില്ല. ഏരിയ തലത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് പ്രശ്‌നം അവസാനിപ്പിക്കാനാണ് ജില്ല നേതൃത്വത്തിന്റെ ആലോചന.

Related News