തൃക്കാക്കര മണ്ഡലത്തിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥി

  • 05/05/2022



കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. കോതമംഗലം സ്വദേശിയായ അദ്ദേഹം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. 

എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കായി ഒരു പേര് മാത്രമാണ് ചർച്ച ചെയ്തതെന്നും പ്രഖ്യാപനത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും ഇപി വിശദീകരിച്ചു. 

തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷയും ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് 'മുത്ത് പോലത്തെ സ്ഥാനാർത്ഥി'യെന്നാണ് ജോ ജോസഫിനെ ഇപി ജയരാജൻ വിശേഷിപ്പിച്ചത്.

ദിവസങ്ങൾ നീണ്ടു നിന്ന സസ്പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്. നേരത്തെ സജീവ സിപിഎം പ്രവർത്തകനായ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നുവെങ്കിലും ഒടുവിൽ പൊതുസമ്മതൽ എന്ന നിലയിൽ ജോ ജോസഫിലേക്ക് സിപിഎം എത്തുകയായിരുന്നു. ജില്ലാ കമ്മറ്റി യോഗത്തിലെല്ലാം അരുണിന്റെ പേരാണ് പരിഗണിക്കപ്പെട്ടതെങ്കിലും ഒടുവിൽ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളടക്കം പരിഗണിച്ചാണ് പുതുമുഖ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചത്. 

Related News