ജോ ജോസഫിന് മുഖ്യമന്ത്രിയുടെ ആശംസ

  • 05/05/2022

തിരുവനന്തപുരം:  തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വിജയാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ ജോ ജോസഫിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാന്‍ യോഗ്യനാക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍:

നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയും. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയര്‍ ആംബുലന്‍സില്‍ കുതിച്ച ജോയുടെ ദൃശ്യം മലയാളികള്‍ ആവേശപൂര്‍വം ഏറ്റെടുത്ത ഒന്നായിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം ഭാരവാഹിത്വം വഹിക്കുന്നുണ്ട്. ഹൃദ്രോഗ ശാസ്ത്രത്തില്‍ അനവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാന്‍ സര്‍വഥാ യോഗ്യനാക്കുന്നതും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങള്‍ക്ക് തൃക്കാക്കരയില്‍ നേതൃത്വം നല്‍കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനു ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു.

Related News