കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ മുണ്ടഴിക്കാന്‍ ശ്രമിച്ചതായി പരാതി; കുടുംബശ്രീ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

  • 06/05/2022

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്റെ മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായി പോലീസിന് പരാതി. കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടയുകയും മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായയും മേയര്‍ പറഞ്ഞു. 

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. 'ടേസ്റ്റി ഹട്ട്' ഹോട്ടല്‍പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം സംഘര്‍ഷത്തിലെത്തുകയായിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ സമരക്കാര്‍ക്കിടയിലൂടെ മേയര്‍ അകത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്ത്രീകളില്‍ ചിലര്‍ മുണ്ട് പിടിച്ചുവലിച്ചത്. മുണ്ട് പാതി അഴിഞ്ഞിരുന്നു. ടേസ്റ്റി ഹട്ട് കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരായ ടി.ശ്രീഷ്മ, എ.പി.രമണി, എന്‍.കെ.ശ്രീജ, ആര്‍.പ്രസീത, കൗണ്‍സിലര്‍മാരായ കെ.പി.രജനി, കെ.സീത, മുന്‍ സി.ഡി.എസ്. അംഗം ശര്‍മിള, കണ്ടാലറിയുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെ മേയര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും പരാതി നല്‍കി.

Related News