കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും തിരിച്ചടി: വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി

  • 06/05/2022

കൊച്ചി: കെ എസ് ആര്‍ ടി സിക്ക് വീണ്ടും തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. എണ്ണക്കമ്പിനികളുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. 

ഇടക്കാല സ്റ്റേയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്ത പുറപ്പെടുവിച്ചത്. വലിയ തോതില്‍ ഇന്ധനം വാങ്ങിക്കുന്നതിനാല്‍ വിപണി വിലയേക്കാള്‍ കൂടിയ നിരക്കിലായിരുന്നു കെ എസ് ആര്‍ ടി സിക്ക് എണ്ണക്കമ്പിനികള്‍ ഇന്ധനം നല്‍കിയിരുന്നത്. ഇതിനെതിരെ കെ എസ് ആ ര്‍ ടിസി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കെ എസ് ആര്‍ ടി സിക്ക് കമ്പനികള്‍ വിപണി വിലക്ക് ഇന്ധനം വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ കമ്പനികള്‍ സ്റ്റേയെ ചോദ്യം ചെയ്തുകൊണ്ട് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

കെ എസ് ആര്‍ ടി സിക്ക് മാത്രം ഇത്തരമൊരു ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ വാദം. മറ്റ് സംസ്ഥാനങ്ങളും സമാനമായ രീതിയിലാണ് പൊതുമേഖലയിലുള്ള കമ്പനികളെ പരിഗണിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ജനസേവനം മുന്‍ നിര്‍ത്തി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന കെ എസ് ആര്‍ ടിസിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും എണ്ണക്കമ്പിനികള്‍ വാദിച്ചു.കോടതി വിധി സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. നേരത്തേയുള്ള ഉത്തരവ് നിലനിന്നിരുന്നെങ്കില്‍ പ്രവര്‍ത്തന ചിലവില്‍ 27 കോടിയോളം രൂപയുടെ ലാഭം കെ എസ് ആര്‍ ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഉത്തരവ് റദ്ദാക്കുന്ന സാഹചര്യത്തില്‍ ഈ തുക കൂടി ക എസ് ആര്‍ ടി സിക്ക് കണ്ടെത്തേണ്ടി വരും.

Related News