ഓട്ടോക്കൂലി ചോദിച്ചതിന് ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും

  • 06/05/2022

കോഴിക്കോട്: ഓട്ടോക്കൂലി ചോദിച്ചതിലുള്ള വിരോധത്തെത്തുടര്‍ന്ന് ഓട്ടോഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 60,000 രൂപ പിഴശിക്ഷയും. തിരുവനന്തപുരം നെയ്യാറ്റിന്‍കര കരമന, മേലേക്കോട്ടു പുത്തന്‍ ഹൗസില്‍ കിരണി (40) നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ടിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴസംഖ്യ കേസിലെ പരിക്കേറ്റയാള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവുംകൂടെ കഠിനതടവ് അനുഭവിക്കണം.

 രണ്ടാം പ്രതി സുരേഷ് വട്ടപ്പാറ ഒളിവിലാണ്​. 2013 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്​ രാത്രി സലീമിന്‍റെ ഓട്ടോ വിളിച്ച് കിരണും സുരേഷും കണ്ണാടിക്കലേക്ക് പോയി​. കണ്ണാടിക്കൽ ബസാറിനടുത്ത്​ കനാലിന് സമീപം ഓട്ടോക്കൂലി ചോദിച്ചതിനുള്ള വിരോധം മൂലം കിരൺ ഡ്രൈവറെ കത്തികൊണ്ട് കുത്തി. രണ്ടു​ പ്രതികളും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഒന്നാം പ്രതി അടുത്തിടെ പിടിയിലായതോടെ കേസ് വിചാരണ തുടങ്ങി. 

 പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. മുഹ്​സിന കെ എന്നിവർ ഹാജരായി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ്​ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷൻ ഭാഗം 13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കി.

Related News