പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍; സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

  • 06/05/2022

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കൊടിമരവും തോരണങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശം. 

പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നാണ് മാര്‍ഗനിര്‍ദേശം. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടായാല്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടിയെടുക്കണം. 

കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം.സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാം.

Related News