നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

  • 06/05/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഈ മാസം 19ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

നടിയെ ആക്രമിച്ച കേസില്‍ തുടരാന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

കേസില്‍ മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോ എന്നും ഈ മാസം 19ന് അതിനുള്ള മറുപടി നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.നടിയെ ആക്രമിച്ച കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ് ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു കേസിന്റെ അന്വേഷണ മേല്‍നോട്ടം ഏല്‍പ്പിച്ചത്. എന്നാല്‍ നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിരുന്നു. അപ്പോള്‍ ഈ കേസിന്റെ മേല്‍നോട്ടം ആര്‍ക്ക് എന്നതാണ് കോടതിയുടെ ചോദ്യം.

Related News