റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി

  • 07/05/2022




കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗർ‌ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി. പൊലീസ്, റവന്യു, ഫൊറൻസിക് സംഘങ്ങൾ കബറടക്കിയ സ്ഥലത്തെത്തി. പാവണ്ടൂർ ജുമാ മസ്ജിദിന്റെ കബർസ്ഥാനിലാണ് റിഫയെ കബറടക്കിയത്. മാർച്ച് ഒന്നിനു പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപു വരെ റിഫ സന്തോഷവതിയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീട്ടുകാരുമായി അര മണിക്കൂറോളം വിഡിയോ കോൾ ചെയ്തപ്പോഴും സന്തോഷവതിയായിരുന്നു. ജീവിതത്തിൽ പതറരുതെന്നു നിർബന്ധമുള്ള റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.

പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ
ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്നു വരുത്തിത്തീർത്തതായും കുടുംബത്തിനു പരാതിയുണ്ട്. നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളിൽ കബറടക്കാനും കുടുംബത്തിനുമേൽ സമ്മർദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. റിഫയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Related News