എല്‍.ഡി.എഫിന്റേത് സഭയുടെ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശന്‍

  • 07/05/2022

എറണാകുളം: സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തിലേക്ക് കത്തോലിക്ക സഭയെ വലിച്ചിഴച്ചത് സി.പി.എമ്മാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.  

സഭയുടെ സ്ഥാപനത്തില്‍ വച്ച് വാര്‍ത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശന്‍ ചോദിച്ചു. ആശുപത്രിയില്‍ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായതിന് പി.രാജീവ് കോണ്‍ഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

പി.സി.ജോര്‍ജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സിപിഎം സ്ഥാനാര്‍ഥി ആക്കുന്നതെന്നും സതീശന്‍ ചോദിച്ചു. പി.സി .ജോര്‍ജിന് ജാമ്യം കിട്ടാന്‍ സിപിഎം വഴി ഒരുക്കുകയായിരുന്നു. അതിനായി എഫ്‌ഐആറില്‍ വെള്ളം ചേര്‍ത്തു. പി സി ജോര്‍ജിന്റെ പിന്തുണയോടെ ഇപ്പോഴും സിപിഎം പഞ്ചായത്ത് ഭരിക്കുന്നു. അത് ആദ്യം രാജി വക്കട്ടെ എന്നും വി.ഡി.സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ അശയക്കുഴപ്പമില്ലെന്നും രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related News