തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്: നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • 07/05/2022

തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ ഭാഗമായുള്ള പാറമേക്കാവ്, തിരുവമ്പാടി ദേവസ്വംബോര്‍ഡുകളുടെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം 4 മണി മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.  പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങും. പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. 

തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജന്‍ ഉത്ഘാടനം ചെയ്യും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെയും പ്രദര്‍ശനമുണ്ടാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.

ഈ മാസം നാലാം തിയതിയായിരുന്നു ശക്തന്റെ തട്ടകത്തില്‍ പൂരം കൊടിയേറിയത്. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നു. നാലാം തിയതി രാവിലെ ഒമ്പതേ മുക്കാലോടെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്.

Related News