അസാനി ചുഴലിക്കാറ്റ് വരുന്നു; ശക്തമായ മഴയ്ക്ക് സാധ്യത

  • 07/05/2022

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും. വൈകിട്ടോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

അസാനി ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ ഉണ്ടായേക്കും. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും.

മറ്റന്നാളോടെ മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തമാകും. മെയ് 10 ഓടെ അസാനി ചുഴലിക്കാറ്റ് ആന്ധ്രാ ഒഡീഷ തീരത്തേക്ക് എത്തുമെന്നാണ് നിഗമനം. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര ഒഡീഷ തീരങ്ങളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. ഈ വര്‍ഷം മൂന്നാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നത്.

Related News