റിഫയുടെ മരണം; കഴുത്തില്‍ പാടുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  • 08/05/2022

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

റിഫയെ ശ്വാസം മുട്ടിച്ചതാണോ, തലയോട്ടിയ്ക്ക് ഉള്‍പ്പടെ ശരീരത്തില്‍ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.പാവണ്ടൂര്‍ ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍നിന്ന് റിഫയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെയാണ് പുറത്തെടുത്തത്. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്‍ക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.

Related News