ബസ് കൂലിയില്‍ ഒരു രൂപ കുറഞ്ഞതിന് യുവാവിനെ മര്‍ദ്ദിച്ചു, ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍

  • 08/05/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് കൂലിയില്‍ ഒരു രൂപ കുറഞ്ഞതിന് യുവാവിനെ കണ്ടക്ടര്‍ മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടര്‍ സുനിൽ, ക്ലീനര്‍ അനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദിക്കുന്ന വീഡിയോ സാമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പോലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പോലീസ് പറയുന്നു. 

അതേസമയം ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മര്‍ദ്ദനദൃശ്യം പുറത്തായതോടെയാണ് കഥ മാറിയത്.

രണ്ട് ദിവസം മുമ്പാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഷിറാസിനെ ബസ് ജീവനക്കാര്‍ മർദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കിയത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

 പരാതി കൊടുക്കാതിരുന്ന ഷിറാസ് പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരാതി വാങ്ങി പോലീസ് മൊഴി രേഖപ്പെടുത്തി. പിന്നാലെ സ്വകാര്യ ബസിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. 

Related News