മന്ത്രി രാധാകൃഷ്ണന്റേത് രാജ്യദ്രോഹ നടപടിയെന്ന് ബി.ജെ.പി

  • 08/05/2022

തൃശൂര്‍: സ്വാതന്ത്ര്യ സമര സേനാനികളോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നുവെന്നും അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പെന്നും ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പാമര്‍ശം.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി(ആസാദി കാ അമൃത് വര്‍ഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രി രാധാകൃഷ്ണനും സി.പി.ഐ.എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണ്.

ക്ഷേത്രകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബി.ജെ.പി പിന്തുണയ്ക്കുമെന്നും കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു.


Related News