സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍

  • 09/05/2022

തിരുവനന്തപുരം:  പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്ത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇന്നലെ രാത്രി 11നാണു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടര്‍ന്നു കന്റോണ്‍മെന്റ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണു ഫോണ്‍ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വാട്‌സാപ്പില്‍ സന്ദേശം വന്നെന്നും ഇതു പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണു കസ്റ്റഡിയിലുള്ളയാള്‍ പൊലീസിനു നല്‍കിയ വിശദീകരണം.

Related News