പഞ്ചാബില്‍ എ.എ.പിയോട് നിലപാട് മാറ്റി സിദ്ദു; ഇന്ന് ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച

  • 09/05/2022

ചത്തീസ്ഗഢ്: പഞ്ചാബില്‍ എ.എ.പി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു.  മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ഇന്ന് അദ്ദേഹം ചര്‍ച്ച നടത്തും. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നും സിദ്ദു ട്വീറ്റില്‍ കുറിച്ചു. ചത്തീസ്ഗഢില്‍ വൈകുന്നേരം 5.15 ന് ആണ് ഭഗവന്ത്മാന്‍-സിദ്ദു കൂടിക്കാഴ്ച.

എ.എ.പി.യുടെ പഞ്ചാബിലെ വിജയത്തിനുശേഷം ഭഗവന്ത് മന്നിനെ പാവമുഖ്യമന്ത്രിയെന്നും ഡല്‍ഹിയില്‍ നിന്ന് കെജ്രിവാളാണ് പഞ്ചാബിന്റെ ഭരണം നടത്തുന്നത് എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമുന്നയിച്ചയാളാണ് സിദ്ദു. എന്നാല്‍ വിമര്‍ശനങ്ങളില്‍ അയവ് വരുത്തി കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിനെ ഇളയ സഹോദരനെന്ന് വിളിച്ച് നിലപാട് മാറ്റി രംഗത്ത് വന്നതോടെ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാവുകയാണ്.

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം മാഫിയാ രാജാണെന്നും ഇതിന് മാറ്റമുണ്ടായാല്‍ മാത്രമേ അതിജീവനം സാധിക്കൂവെന്നും സിദ്ദു ചൂണ്ടിക്കാട്ടിയിരുന്നു. മാഫിയാ രാജിനെ തുടച്ച് നീക്കാന്‍ എ.എ.പി. തയ്യാറായാല്‍ പിന്തുണയ്ക്കുമെന്നും സിദ്ദു അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ കുടിക്കാഴ്ച.


സിദ്ദുവിന്റെ ചുവടുമാറ്റത്തെക്കുറിച്ച് നേരത്തേതന്നെ പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗം ഹരീഷ് ചൗധരി സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. സിദ്ദു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് വാറയ്ക്കും ഹരീഷ് ചൗധരി വിശദമായ കത്തയച്ചിരുന്നു.പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ് അടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്തുകൊണ്ട് സിദ്ദു നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അതില്‍ നേതൃത്വത്തിന് വലിയ നീരസവുമുണ്ടായിരുന്നു. സിദ്ദുവടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത്ത് സിങ് ചന്നിയെ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിയമിച്ചത്.

Related News