ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

  • 09/05/2022

കൽപ്പറ്റ: വയനാട്ടിൽ ബന്ധുവീട്ടില്‍ താമസത്തിനെത്തിയ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്.  പനമരം പോലീസ് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു.

കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന. പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

വീടിന്റെ മുകൾ നിലയിലാണ് ഇവർ താമസിച്ചത്. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാനായി പോയി. അർധരാത്രി പോലീസെത്തി വാതിലിൽ മുട്ടിയപ്പോൾ അബ്ദുൽ റഷീദ് വാതിൽ തുറന്നു. സ്വന്തം വീട്ടിൽ കൊലപാതകം നടന്നെന്ന് പോലീസാണ് റഷീദിനെ വിവരം അറിയിച്ചത്. രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരനെ ആദ്യം വിവരം അറിയിച്ചു. സഹോദരനാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. പുലര്‍ച്ചെ നാലരയോടെ പനമരം പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്.

ഇരുവരും രാത്രി ഏറെ നേരം സംസാരിച്ചിരുന്നതായും ഇതിനിടെ വാക്കുതര്‍ക്കമുണ്ടായെന്നും രണ്ട് മണിയോടെയാണ് കൃത്യം നടത്തിയതെന്നും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞതായി പോലീസ് അറിയിച്ചു. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.

Related News