ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; തലയില്‍ വയര്‍ ചുറ്റി‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ്  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • 09/05/2022

ചേര്‍ത്തല: ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ്(78), ഭാര്യ ശ്യാമള(68) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുല്‍പായയില്‍ അഭിമുഖമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തലയില്‍ വയര്‍ ബെല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇവർ കിടന്നിരുന്നതിന്റെ തൊട്ടടുത്ത് തന്നെ സ്വിച്ച് ബോർഡും ഉണ്ടായിരുന്നു.

വീട്ടിലെ കിടപ്പുമുറിയില്‍ ഇരുവരെയും കാണാത്തതിനാല്‍ മകള്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ്  ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ തൊടാനുള്ള ശ്രമത്തില്‍ മകൾക്കും ചെറിയ രീതിയില്‍ ഷോക്കേറ്റു. ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയവരാണ് വൈദ്യുതിബന്ധം വിഛേദിച്ചത്. റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ് ഹരിദാസ്.  ബി.എസ്.എന്‍.എല്‍ നിന്ന് ടെക്‌നിക്കല്‍ അസിസ്റ്റന്റായാണ് ഹരിദാസ് വിരമിച്ചത്.

ഹരിദാസ് എഴുതിയതെന്ന് കരുതുന്ന മരണകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിദാസിന് തൊണ്ടയില്‍ മുഴവളരുന്നതായും ഇതു കാന്‍സറാണെന്ന് സംശയിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടൂണ്ട്. ഭാര്യ ശ്യാമളക്ക് രണ്ടുതവണ സ്‌ട്രോക്കും വന്നിരുന്നു. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related News