കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് സര്‍ക്കാരല്ലെന്ന് മന്ത്രി

  • 10/05/2022

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വം ആണെന്നും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്നും മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. 

മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രില്‍ മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പതിവായി നല്‍കുന്ന 30 കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.ഇന്ന് അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. കൂലി കിട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 

അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്ന് ഉയര്‍ന്നിരുന്നത്. എന്നാല്‍ ശമ്പളത്തിനോ നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുകയല്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തില്‍ ബസ് കഴുകുന്ന യന്ത്രം വാങ്ങാന്‍ ഒന്നേകാല്‍ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാല്‍ മാനേജ്‌മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവില്‍ 425 വാര്‍ഷര്‍മാര്‍ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറംഭാഗം കഴുകി വൃത്തിയാക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

Related News