മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ വൈദ്യനെ ഒന്നരവർഷം തടവിലിട്ട് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി പുഴയില്‍ തള്ളി

  • 11/05/2022

നിലമ്പൂർ: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ വൈദ്യനെ ഒന്നരവർഷം തടവിലിട്ട് കൊലപ്പെടുത്തി ചാലിയാറിൽ തള്ളി. കേസിലെ വിവരങ്ങൾ പുറത്ത്. മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരന്‍ വൈദ്യനെ കൊലപ്പെടുത്തിയതാണ് തെളിഞ്ഞത്. കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്ന് പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് അറസ്റ്റിലായത്. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍കൂടിയായ പ്രതികള്‍തന്നെയാണ് കൊലപാതകവിവരം പോലീസിനോട് വെളിപ്പെടുത്തിയത്.

ഇയാളുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ബത്തേരി സ്വദേശി തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) ദിവസങ്ങൾക്കുമുമ്പ്​ നിലമ്പൂർ പെോലീസിന്‍റെ പിടിയിലായിരുന്നു. മറ്റ്​ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെ പ്രധാന പ്രതി നൗഷാദുൾപ്പെടെ അഞ്ചംഗ സംഘം സെക്രട്ടേറിയറ്റിന്​  മുന്നിൽ ആത്മഹത്യഭീഷണി മുഴക്കി. പരാതിക്കാരനായ ഷൈബിനെതിരെ ഗുരുതര ആരോപണമുന്നയിച്ചായിരുന്നു ആത്മഹത‍്യശ്രമം. തുടർന്ന്​ തിരുവനന്തപുരം കന്‍റോൺമെന്‍റ്​ പോലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പോലീസിന് കൈമാറിയിരുന്നു. ഇവരെ ചോദ‍്യം ചെയ്തതോടെയാണ് പ്രതികളിലൊരാളായ നൗഷാദിൽനിന്ന്​ പരാതിക്കാരനായ ഷൈബിൻ നടത്തിയ കൊലപാതക വിവരം ലഭിക്കുന്നത്.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിന് വേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം.

ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയയാിരുന്നു. 

വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്. രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പോലീസ് പറയുന്നു. 

(ചിത്രം: പ്രതി ഷൈബിന്‍ അഷ്റഫ്)


Related News