ജോ ജോസഫിന്റെ അപരന്‍ ഉള്‍പ്പെടെ തൃക്കാക്കരയില്‍ 19 സ്ഥാനാര്‍ഥികള്‍

  • 11/05/2022

കൊച്ചി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ തൃക്കാക്കരയില്‍ പോരാട്ട ചിത്രം വ്യക്തമാകുന്നു. മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം ആകെ 19 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. 

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് അപര ഭീഷണിയുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫാണ് അപരന്‍. ഇദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ജോമോന്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും തൃക്കാക്കരയില്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് വരണാധികാരിക്കു മുമ്പില്‍ ആകെ 29 സെറ്റ് പത്രികകളാണ് എത്തിയത്. മത്സരാര്‍ത്ഥികളുടെ എണ്ണം 19 ആണെങ്കിലും പലരും ഒന്നിലേറെ സെറ്റ് പത്രിക നല്‍കിയതാണ് ഇതിന് കാരണം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. എന്നാല്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിനോട് സാമ്യമുളള ചങ്ങനാശേരിക്കാരന്‍ ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ പത്രിക നല്‍കിയത് പ്രചാരണ രംഗത്തും ചൂടേറിയ ചര്‍ച്ചയാവും. 

തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്റെ അവകാശവാദം. മുമ്പ് പാലായില്‍ ജോസ് ടോം മല്‍സരിച്ചപ്പോഴും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ മല്‍സരിച്ചപ്പോഴും ജോമോന്‍ ജോസഫ് അപരനായി പത്രിക നല്‍കിയിരുന്നു.വെണ്ണലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ട ടോം കെ ജോര്‍ജും പത്രിക നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ഉമയുടെ സ്ഥാനാര്‍തിത്വത്തില്‍ പ്രതിഷേധിച്ചാണ് മത്സരമെന്ന് ടോം പറയുന്നെങ്കിലും ഇങ്ങനെയൊരു പ്രവര്‍ത്തകനെ അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

Related News