കടമെടുക്കാന്‍ അനുമതിയില്ല; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിന് സാധ്യത

  • 11/05/2022

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിന് സാധ്യത. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.

Related News