നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമര്‍ശം

  • 12/05/2022

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷവിമര്‍ശനം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായി രേഖകളുണ്ടെങ്കില്‍ അവ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ബോധത്തോടെയാണ് കസേരയില്‍ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതി ജഡ്ജി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കി.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടോയെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയരുത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന് ഇത്ര അസഹിഷ്ണുത എന്തിനാണെന്നും കോടതി ചോദിച്ചു.സാധ്യതകളെക്കുറിച്ചല്ല, തെളിവുകളെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. കേസില്‍ മുമ്പ് പരിശോധിച്ച ആരോപണങ്ങള്‍ക്കപ്പുറം നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്താണെന്നും കോടതി ചോദിച്ചു.

Related News