കുമാരമംഗലത്ത് നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്ക് 21 വര്‍ഷം തടവ്

  • 12/05/2022

തൊടുപുഴ: കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അരുണ്‍ ആനന്ദി(36)ന് 21 വര്‍ഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൊടുപുഴ പോക്സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.


2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ അരുണ്‍ ആനന്ദ്. പോക്സോ കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.

ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്ജി നിക്സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

Related News