മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകന് 21 വര്‍ഷം തടവുശിക്ഷ

  • 12/05/2022

തൊടുപുഴ: കുമാരമംഗലത്ത് മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനായ പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസിലില്‍ അരുണ്‍ ആനന്ദിനെ (36) ആണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.

പ്രതി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. വിവിധ വകുപ്പുകളിലായാണ് അരുണ്‍ ആനന്ദിന് 21 വര്‍ഷം ശിക്ഷ വിധിച്ചത്.  3, 81,000 രൂപ പിഴയും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നരവയസുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു. 

ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തത്. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.

Related News