വ്ളോഗർ റിഫയുടെ മരണം: മെഹ്നാസിനായി ലുക് ഔട്ട് സർക്കുലർ

  • 13/05/2022



കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് സർക്കുലർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. 

നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

പെരുന്നാളിന് ശേഷം മേഹാനാസ് യാത്രയിലാണെന്നാണ് വീട്ടുകാർ നൽകിയ വിവരം. മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. 

നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്സെടുത്തിട്ടുണ്ട്. മെഹ്നാസിൽ നിന്ന് കൂടുതൽ വിവരങ്ങളറിഞ്ഞാലേ തുടർനടപടികളിലേക്ക് കടക്കാനാവൂ എന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. മെഹ്നാസ് രാജ്യം വിട്ടില്ലെങ്കിലും സംസ്ഥാനാതിർത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുൻകൂർ ജാമ്യത്തിന് മെഹ്നാസ് ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. 

റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും കിട്ടിയ ശേഷം തുടർനടപടികളെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മരണത്തിൽ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് മറവ് ചെയ്ത മൃതദേഹം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

Related News