മാണി സി. കാപ്പനെതിരേ വഞ്ചനാക്കുറ്റത്തിന് കോടതി നോട്ടീസ്

  • 13/05/2022

ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്. പാലാ എം.എല്‍.എ. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. മുംബൈ വ്യവസായിയായ ദിനേശ് മേനോനാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹരജി സമര്‍പ്പിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് കാപ്പനെതിരെ കേസെടുത്തത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരായ കേസ്.

ജൂണ്‍ 18ന് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കാപ്പന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

Related News