സമസ്തയുടെ തെറ്റായ നിലപാടുകള്‍ അംഗീകരിക്കില്ല; മലപ്പുറത്തെ അധ്യാപകനെതിരെ മുഖംനോക്കാതെ നടപടിയെന്നും ഇ.പി ജയരാജന്‍

  • 13/05/2022


തിരുവനന്തപുരം: സമസ്തയുടെ തെറ്റായ നിലപാടുകളെ അംഗീകരിക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

അതേസമയം, തൃക്കാക്കരക്കാര്‍ക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. പി ടി തോമസ് അബദ്ധമല്ല, അഭിമാനമെന്നായിരുന്നു ഉമാ തോമസിന്റെ മറുപടി.  പരാമര്‍ശത്തെ ന്യായീകരിച്ച സിപിഎം കോണ്‍ഗ്രസ് അനാവശ്യവിവാദമുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി. 

പിടിയുടെ വിയോഗത്താല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ ഓര്‍മ്മകള്‍ പരമാവധി നിലനിര്‍ത്തിയാണ് മണ്ഡലം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമം. മുഖ്യമന്ത്രി പി ടിയെ അപമാനിച്ചുവെന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. മരിച്ചിട്ടും പിടിയെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

Related News