5000 കോടി വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

  • 13/05/2022

ദില്ലി: കേരളത്തിന് താത്കാലിക ആശ്വാസമായി 5000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. 

നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉന്നയിച്ചിരുന്നു. 

കേരളം വായ്പ എടുക്കുന്നതില്‍ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാല്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും ധനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാന്‍ അനുമതി നേടാന്‍ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാന്‍ മുഖ്യമന്ത്രി ധനമന്ത്രിയോട് നിര്‍ദ്ദേശിച്ചു.നേരത്തെ വായ്പയെടുക്കാന്‍ അനുമതി തേടി കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നല്‍കിയിരുന്നു. 

കിഫ്ബി ബാധ്യതകളെ സംസ്ഥനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം മറുപടിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ വായ്പ കണക്കില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കേരളം മറുപടി നല്‍കിയിട്ടുണ്ട്.

Related News