കോവിഡ് പ്രതിരോധത്തിനായി കോവസിൻ എടുത്തു: ജർമനിയിലേക്ക് പോയ യുവതിയെ ഖത്തർ എയർവേസ് പാതിവഴിയിൽ തിരിച്ചയച്ചു

  • 14/05/2022



തൃശ്ശൂർ: ഫെല്ലോഷിപ്പോടുകൂടിയുള്ള ഗവേഷണത്തിനും ജോലിക്കുമായി ജർമനിയിലേക്ക് പോയ യുവതിയെ ഖത്തർ എയർവേസ് പാതിവഴിയിൽ തിരിച്ചയച്ചു. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മാളവിക മേനോനാണ് (25) ഈ ദുരനുഭവം. കോവാക്സിനാണ് മാളവിക കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചതെന്നും ഇത് ജർമനി അനുവദിക്കുന്നില്ലെന്നുമുള്ള കാരണം കാണിച്ചാണ് ദോഹയിൽനിന്ന് തിരിച്ചയച്ചത്.

അവശ്യസന്ദർഭങ്ങളിലും സർക്കാർ അനുവദിക്കുന്നവർക്കും കോവാക്സിൻ അനുവദനീയമാണെന്ന് കാണിച്ചുള്ള ജർമനിയുടെ സർട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല. കോ വാക്സിൻ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നൽകിക്കൊണ്ട് എംബസി നൽകിയ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ എമിഗ്രേഷൻ സർട്ടിഫിക്കറ്റ്, സർവകലാശാലയുടെ ഒാഫർ ലെറ്റർ, പോസ്റ്റിങ് ലെറ്റർ, ഗവേഷണ ൈഗഡിന്റെ സപ്പോർട്ടിങ് ലെറ്റർ എന്നിവയെല്ലാമുണ്ടായിട്ടും പരിഗണിക്കാൻ ഖത്തർ എയർവേസ് തയ്യാറായില്ലെന്ന് മാളവിക പറഞ്ഞു.

അടുത്ത വിമാനത്തിൽ മടക്കി അയയ്ക്കുകയായിരുന്നു. മേയ് പത്തിന് നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തർ‍ എയർവേസ് വഴി ജർമനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുന്പാശ്ശേരിയിൽ കൊണ്ടിറക്കിവിട്ടു. ലഗേജുകൾ ജർമനിയിലെത്തി. കടുത്ത മാനസികസംഘർഷമാണ് ദോഹ വിമാനത്താവളത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് മാളവിക പറഞ്ഞു.

Related News