പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് സമസ്ത; ലജ്ജിക്കേണ്ടെന്ന് കരുതിയാണ് മാറ്റി നിര്‍ത്തിയതെന്നും വാദം

  • 14/05/2022

കോഴിക്കോട്: സമ്മാനദാന ചടങ്ങിനിടെ പെണ്‍കുട്ടിയെ പൊതുവേദിയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിക്ക് വിഷമം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിനിര്‍ത്തിയതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്കോ സംഭവത്തില്‍ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും പത്രസമ്മേളനത്തില്‍ ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.

സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാരാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ നിന്നും ഇറക്കിവിട്ടത്.

മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,' എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.







Related News