20 വയസ്സിൽ വിവാഹം, ക്രൂര പീഡനങ്ങൾ അനുഭവിച്ചു; ഷഹനയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം, ഭര്‍ത്താവ് സജ്ജാദ് റിമാന്‍റില്‍

  • 14/05/2022

കോഴിക്കോട്: പരസ്യചിത്ര മോഡലായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെ റിമാന്‍റ് ചെയ്തു. ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഹ്നയുടേത് ആത്മഹത്യയാണെന്നും ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍  മരിക്കുന്നതിന് മുമ്പ് ഷഹാനയെ സജ്ജാദ് മര്‍ദ്ദിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും ലഹരി വസ്തുക്കള്‍ ഷഹാനയ്ക്ക് നല്‍കിയിട്ടുണ്ടോ എന്നുമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

 20 വയസ്സിലാണ് ഷഹന വിവാഹിതയായത്.  പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട് ചേവായൂരിൽ താമസമായി. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്.  ഷഹനയുടെ വീട്ടുകാർ പറയുന്നതിനനുസരിച്ച് ധൂർത്തനും ആഡംബര പ്രിയനുമായിരുന്നു ഭർത്താവ് സജ്ജാദ്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഷഹാനക്ക് വീട്ടുകാർ നൽകിയ സ്വർണവും പണവുമെല്ലാം ഇയാൾ വിറ്റുതുലച്ചു. സജാദിന്റെ വീട്ടുകാരും ഷഹാനയെ ബുദ്ധിമുട്ടിച്ചെന്ന് ഇവർ ആരോപിക്കുന്നു. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഷഹനയുടെ മാതാവ് ഉമൈബ പറഞ്ഞു. ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അവര്‍ ആരോപിക്കുന്നു.

ഷഹനയെ പണത്തിന് വേണ്ടി നിരന്തരം ഉപദ്രവിച്ചിരുന്നതായി സജ്ജാദും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന ദിവസം മര്‍ദ്ദിച്ചോ എന്ന കാര്യത്തില്‍ സജാദ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനുമാണ് സജ്ജാദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.  

ഫ്‌ളാറ്റിലെ ജനലഴിയില്‍ അയകെട്ടാനുപയോഗിച്ച കയറിന്റെ ഒരു കഷ്ണം ഉപയോഗിച്ച് തൂങ്ങി എന്നാണ് സജാദിന്റെ മൊഴി. ഈ കയര്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പാകത്തിനുള്ളതാണോ എന്ന് പോലീസിന് സംശയം ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.  കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജ്ജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. 

സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. 

Related News