നടിയുടേത് വ്യാജ പരാതിയെന്ന് വിജയ്ബാബുവിന്‍റെ അമ്മ: മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകി

  • 14/05/2022




കൊച്ചി: നടനും നിർമാതാവുമായ വിജയ്  ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ്ബാബുവിന്‍റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി. മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം  കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ്  ബാബുവിന്‍റെ അമ്മ പരാതിയില്‍ പറയുന്നു.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്‍റാണ് യുഎഇ പൊലീസിന് കൈമാറിയിട്ടുണ്ട്. വിജയ് ബാബു യു എ ഇയിൽ എവിടെയുണ്ടന്ന് നിലവിൽ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്‍റിന്‍റെ പശ്ചാത്തലത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്‍റർപോൾ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്‍റെ ശ്രമം.

താൻ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്‍റർപോൾ വഴി നീക്കങ്ങൾ ശക്തമാക്കിയത്. 

Related News