ഞാനൊരു ബിസിനസ് ടൂറിലാണ്, മേയ് 19നു നാട്ടിൽ തിരിച്ചെത്തും: വിജയ് ബാബു

  • 15/05/2022



കൊച്ചി: ‘‘ഞാനൊരു ബിസിനസ് ടൂറിലാണ്, മേയ് 19നു നാട്ടിൽ തിരിച്ചെത്തും അപ്പോൾ നേരിൽ കാണാം....’’ ഒരാഴ്ച മുൻപ് കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്തു ലഭിച്ച ഇമെയിൽ സന്ദേശമാണിത്. സ്ത്രീപീഡനക്കേസിലെ പ്രതിയായ സിനിമാ നിർമാതാവും നടനുമായ കൊല്ലം സ്വദേശി വിജയ്ബാബുവാണ് ഈ സന്ദേശം കൊച്ചി സിറ്റി പൊലീസിന് അയച്ചത്. കഴിഞ്ഞ മാസം 22നു കേരളത്തിലെ അറിയപ്പെടുന്ന ഒരു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കുറ്റം ആരോപിക്കപ്പെടുന്ന പ്രതി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

"നടിയുടെ പരാതിയിൽ പ്രതിയായ ശേഷമാണു, താൻ ദുബായിയിലുണ്ടെന്നു വിജയ്ബാബു സ്വയം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സൗഹ‍ൃദ രാജ്യമായ യുഎഇയുടെ വാണിജ്യ തലസ്ഥാനത്തു തങ്ങിയിട്ടും പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസ് ബുദ്ധിമുട്ടുകയാണ്. ഏറ്റവും അധികം മലയാളികളുള്ള ലോകനഗരത്തിലാണു വിജയ്ബാബു ഒളിവിൽ കഴിയുന്നത്. നാട്ടിലെത്തുമെന്നു വിജയ്ബാബു പറയുന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. അതിന്റെ തൊട്ടുതലേന്നാണു ഹൈക്കോടതി വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പീഡനക്കേസുകളിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ നീതിന്യായ കോടതി ഏതു തരത്തിൽ സമീപിക്കുമെന്ന കാര്യത്തിൽ ആർക്കും വലിയ സംശയമുണ്ടാവാൻ സാധ്യത കുറവാണ്. എന്നാലും, കോടതിയുടെ തീരുമാനം അറിഞ്ഞിട്ടാവാം കീഴടങ്ങലെന്നു തീരുമാനിക്കാനുള്ള അവകാശം ഏതു പ്രതിക്കുമുണ്ട്. വിജയ്ബാബു കീഴടങ്ങലിനായി കൂടുതൽ സമയമെടുക്കുന്നതിന്റെ കാരണമാണ് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നത്. കേസിലെ പരാതിക്കാരിയും സാക്ഷികളുമെല്ലാം മലയാള സിനിമാരംഗവുമായി അടുപ്പമുള്ളവരാണ്. പ്രതി വിജയ്ബാബുവുമായി പല തരത്തിൽ അടുപ്പമുണ്ടായിരുന്നവർ. ഇവരെയെല്ലാം സ്വാധീനിക്കാൻ പ്രതിക്ക് അവസരം നൽകുന്ന കാലതാമസമാണ് അറസ്റ്റ് വൈകിയതിലൂടെ ഉണ്ടായിരിക്കുന്നത്. 

Related News