തെറ്റുകള്‍ അംഗീകരിച്ച് എം.എല്‍.എ മാപ്പു പറയണമെന്ന് സാബു എം. ജേക്കബ്

  • 16/05/2022

കൊച്ചി:  ട്വന്റി ട്വന്റി വോട്ട് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണമെന്ന് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. വോട്ടു ചോദിക്കുന്നതിന് മുമ്പ് ആദ്യം എന്തും വിളിച്ചു പറയുന്ന സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ ശ്രീനിജന്‍ മാപ്പു പറയണം. കിറ്റക്സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ട് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്ന് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. മനസാക്ഷി വോട്ടാണോ മുന്നണിക്കാണോ എന്ന് യോഗംചേര്‍ന്ന് തീരുമാനിക്കും. സില്‍വര്‍ലൈനും അക്രമ രാഷ്ട്രീയവും വിലയിരുത്തിയാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.




അതേസമയം തൃക്കാക്കരയില്‍ ആം ആദ്മി - ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂവെന്ന് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞിരുന്നു. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവെച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരുക, അഴിമതി കുറയ്ക്കുക എന്നിവയും തങ്ങളുടെ അജണ്ടയായി അവര്‍ പറയുന്നു. സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. തൃക്കാക്കരയില്‍ വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം വിഷയം. വികസനത്തെ പിന്തുണക്കുന്നവര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്നുമാണ് സ്വരാജ് പറഞ്ഞത്.

Related News