മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ട്‌പേര്‍ക്ക് പരുക്ക്

  • 16/05/2022

മുക്കം: കോഴിക്കോട് മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകളാണ് തകര്‍ന്നു വീണത്. പുഴയില്‍ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. 

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം.

2019 മാര്‍ച്ചില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ നിര്‍മാണം പ്രളയകാലത്ത് പൂര്‍ണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചത്. പിന്നീട് ഡിസൈനിംഗ് വിഭാഗം പരിശോധനകള്‍ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിര്‍മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയര്‍ത്തുകയായിരുന്നു. ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചിരുന്നു.

Related News