കല്ലിടില്ല; ഇനി സില്‍വര്‍ലൈന്‍ സര്‍വേ ജി.പി.എസ് വഴി

  • 16/05/2022

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട കല്ലിടല്‍ ഇനിയുണ്ടാകില്ലെന്ന് സൂചന. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് പുതിയ തീരുമാനം.

മഞ്ഞ കുറ്റിയില്‍ കെ റെയില്‍ എന്ന് രേഖപ്പെടുത്തി സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങളില്‍ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങള്‍ രേഖപ്പെടുത്തും. കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. 

സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങള്‍ മതിലുകള്‍ എന്നിവടങ്ങളില്‍ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സില്‍വര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. 

തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കല്ലിടല്‍ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാല്‍ കല്ലിടല്‍ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വെ നടപടികളുമായി കെ റെയില്‍ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാറിന്റെ പ്രതികരണം. 190 കിലോമീറ്ററിലാണ് സില്‍വര്‍ ലൈന്‍ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ സര്‍വെക്ക് സഹായം നല്‍കും.

Related News