ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴയും

  • 16/05/2022

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതകത്തില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്നാണ് കേസിലെ 25 പ്രതികള്‍ക്കും ശിക്ഷ വിധിച്ചത്. 50,000 രൂപ വീതമാണ് പ്രതികള്‍ക്ക് പിഴ വിധിച്ചിരിക്കുന്നത്.


ശിക്ഷാവിധി സംബന്ധിച്ച വാദം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസിലെ ഒന്നാം പ്രതി. 2013 നവംബര്‍ 20നായിരുന്നു കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.

കൊലപാതകങ്ങള്‍ നടന്ന് ഏഴ് വര്‍ഷത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. എസ്.വൈ.എസ് കല്ലാംകുഴി യൂണിറ്റ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീന്‍. പള്ളിയുമായി പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

27 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലാം പ്രതി ഹംസ വിചാരണ തുടങ്ങുന്നതിന് മുമ്പ് മരിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത ബാക്കി 26 പേരും മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ളവരോ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായും നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു.

Related News