മന്ത്രി ആന്റണി രാജുവിനെതിരെ സി.ഐ.ടി.യു

  • 16/05/2022

തിരുവനന്തപുരം: സിഐടിയു ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനം. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ടെന്നും ശമ്പള വിഷയത്തില്‍ ജീവനക്കാര്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ല, ഉത്തരവാദിത്വം പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനാണ് എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. എന്നാല്‍ സി.ഐ.ടി.യു പറയുന്നത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ പൂര്‍ണ്ണമായും ഉത്തരവാദിത്വം സര്‍ക്കാരിനും ഗതാഗത മന്ത്രിക്കുമുണ്ടെന്നാണ്.

മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ വളരെ നിരുത്തരവാദിത്തപരമാണ് എന്നാണ് സിഐടിയു ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്ന പൊതുവികാരം. എങ്ങനെ പണിമുടക്കണമെന്ന് മന്ത്രി തങ്ങളെ പഠിപ്പിക്കേണ്ട എന്ന രീതിയിലുള്ള അഭിപ്രായം അടക്കം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു.

Related News