മദ്യപിച്ചു തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു

  • 16/05/2022

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. ഇരുവരും മദ്യപിച്ചിരുന്നു. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇവര്‍ സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. എന്നാല്‍ പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. 

ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊല നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസില്‍ വിളിച്ച്  അറിയിച്ചത്.

പോലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടെത്തിയത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Related News