42 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • 17/05/2022

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. പലയിടത്തും മഴ ഉണ്ടെങ്കിലും വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തുന്നതിനെ അത് തടസ്സപ്പെടുത്തിയിട്ടില്ല. പലയിടത്തും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

12 ജില്ലയിലായി രണ്ട് കോര്‍പ്പറേഷന്‍, 7 മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 79 സ്ത്രീകള്‍ അടക്കം 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 77,634 വോട്ടര്‍മാരാണുള്ളത്. 94 ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ഫലം നിര്‍ണായകമായ എറണാകുളത്ത് കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍, വാരപ്പെട്ടിയിലെ മൈലൂര്‍, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തിലുള്‍പ്പെടുന്ന മുഴപ്പിലങ്ങാടിയില്‍ നടക്കുന്ന വോട്ടെടുപ്പും ശ്രദ്ധേയമാണ്. ആറാം വാര്‍ഡായ തെക്കേ കുന്നുംപ്രത്തെ ഫലം, പഞ്ചായത്ത് ആരും ഭരിക്കും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. നിലവില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, എസ്ഡിപിഐ 4 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.കോട്ടയത്ത് ഏറ്റുമാനൂര്‍ നഗരസഭയിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. ബിജെപി അംഗം ജോലി കിട്ടിപ്പോയ ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത വാഡ് തിരിച്ചുപിടിക്കാന്‍ വാശിയേറിയ പ്രചാരണമാണ് സിപിഎം മുപ്പത്തിയഞ്ചാം വാര്‍ഡില്‍ നടത്തിയത്.

Related News