കൂളിമാട് പാലം; പ്രധാന പ്രതി മുഖ്യമന്ത്രിയെന്ന് എം.കെ മുനീര്‍

  • 17/05/2022

കോഴിക്കോട്: മാവൂരിലെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാലം തകര്‍ന്ന സംഭവത്തില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം.കെ.മുനീര്‍ ചോദിച്ചു. ശ്രദ്ധാപൂര്‍വം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കല്‍. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു.

പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് എം.കെ.മുനീര്‍ പറഞ്ഞു. പാലത്തിന്റെ കോണ്‍ക്രീറ്റ് മാത്രമാണ് അടര്‍ന്നത്. മുന്‍മന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് കേസുകള്‍ക്ക് പിന്നിലെന്നും മുനീര്‍ ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച മാതൃക ഇവിടെയും സര്‍ക്കാര്‍ കാണിക്കുമോ എന്നും എം.കെ.മുനീര്‍ ചോദിച്ചു.

Related News