മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെ. സുധാകരന്‍

  • 17/05/2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. താന്‍ പറഞ്ഞത് മോശം പരാമര്‍ശമായിട്ട് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരന്‍ പറഞ്ഞു.

താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. ഞാന്‍ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.തൃക്കാക്കര തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയതിനെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്. രൂക്ഷ ഭാഷയിലുള്ള കെ സുധാകരന്റെ പരാമര്‍ശം സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിഷയം വന്‍തോതില്‍ ചര്‍ച്ചയാവുകയും യുഡിഎഫിന് തിരിച്ചടിയാവുകയും ചെയ്തതോടെയാണ് സുധാകരന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി രംഗത്തെത്തിയത്.

Related News