സില്‍വര്‍ലൈന്‍ സര്‍വേക്കെതിരായ സമരം; രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും

  • 17/05/2022

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസിന്റെ നിലപാട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടര്‍ നടപടികള്‍ പിന്നീടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കെ റെയില്‍ സര്‍വ്വെയുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പൊതുമുതല്‍ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ പൊലീസിനാവും. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത് രാഷ്ട്രീയ വിജയമാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം വി ഗോവിന്ദനും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് ഇന്നും രംഗത്തെത്തി.

Related News