കൂളിമാട് പാലം; പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന ഇന്ന്

  • 17/05/2022

കോഴിക്കോട്: ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാര്‍ മൂലം ബീം തകര്‍ന്നുവീണ കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. 

ബീമുകള്‍ തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.ഇതും വിജിലന്‍സ് പരിശോധിക്കും. നിര്‍മ്മാണത്തില്‍ അപാകതയുണ്ടോ എന്നും പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ക്ഷമതയും പരിശോധിക്കും.കേരള റോഡ് ഫണ്ട് ബോര്‍ഡും സംഭവം അന്വേഷിക്കുന്നുണ്ട്. 

ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് പുഴയില്‍ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മ്മാണം തടസ്സപ്പെട്ടു.എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മ്മാണം ആരംഭിച്ചത്. പാലം തകര്‍ന്നത് സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. 

നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നും വീഴ്ച്ചയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കും. നിര്‍മാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുന്ന പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം. ആരോപണം പറയേണ്ടവര്‍ക്ക് പറയാമെന്നും വിജിലന്‍സ് അന്വേഷണം നടക്കുന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related News