ഉപതെരഞ്ഞെടുപ്പില്‍ 24 വാര്‍ഡുകള്‍ നേടി എല്‍.ഡി.എഫ് മേല്‍ക്കൈ

  • 18/05/2022

തിരുവനന്തപുരം: 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 12 വാര്‍ഡുകളാണ് യു.ഡി.എഫിന്. ആറിടത്ത് ബിജെപിക്കും വിജയിക്കാനായി. 

വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയില്‍ ഇടത് മുന്നണിക്ക് കേവല ഭൂരിക്ഷം നഷ്ടമായി. തൃപ്പുണിത്തുറ നഗരസഭയില്‍ രണ്ട് സീറ്റുകള്‍ എന്‍ഡിഎ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. വെളിനെല്ലൂരില്‍ യുഡിഎഫ് ഇടതിന്റെ സീറ്റ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം ഇടതില്‍ നിന്നും യുഡിഎഫിന് ലഭിച്ചു. കൊറ്റനാട് നറുക്കെടുപ്പിലൂടെ ഭരണം ഇടതിന് ലഭിച്ചു. 

മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിര്‍ത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 വാര്‍ഡ് യുഡിഎഫ് തന്നെ നേടിയതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷനില്‍ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Related News