സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു

  • 19/05/2022

കൊച്ചി: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പാര്‍ട്ടിവിട്ട് സി.പി.എമ്മിലേക്ക്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. 

ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്നും അതിനാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നുവെന്നും ഇടത് നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് മുരളീധരന്‍ വ്യക്തമാക്കി.

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാദത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നത്. അസ്വസ്ഥരായ ആളുകള്‍ ഇനിയും പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്ന ആരോപണവും നേരത്തെ മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിലേക്ക് മുരളീധരന്‍ ചുവട് മാറ്റിയത്.

Related News