പോലീസുകാര്‍ മരിച്ചത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ്; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

  • 19/05/2022

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പോലീസുകാർ മരിച്ചതെന്നാണ് ഇരുവരും പോലീസിന് നൽകിയ മൊഴി. 

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ക്യാമ്പിൽ നിന്ന് നൂറുമീററ്റർ അകലെ കൊയ്ത്തു കഴിഞ്ഞ വയലിൽ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. തമ്മിൽ നൂറുമീറ്ററിൽ താഴെ മാത്രം ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പോലീസിന് മൊഴി നൽകിയത്. 

ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികൾ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെൻസിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാർ കസ്റ്റഡിയിലായത്. 

രാത്രി ബാഡ്മിന്‍റൺ കളിച്ച് മടങ്ങിയതായിരുന്നു ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവർ തെരച്ചിൽ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റും കായികതാരവുമായ സിനിമോളുടെ ഭര്‍ത്താവാണ് മരിച്ച അശോകന്‍.

Related News