സര്‍ക്കാര്‍ 30 കോടി അനുവദിച്ചു; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഇന്നുമുതല്‍ വിതരണം ചെയ്യും

  • 20/05/2022

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിലനില്‍ക്കുന്ന ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ തീരുമാനം.

കൂടുതല്‍ തുക ആവശ്യമെങ്കില്‍ താത്കാലികസാന്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശന്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്റെ പ്രതിഷേധ സംഗമം ഇന്ന് ട്രാന്‍പോര്‍ട്ട് ഭവന് മുന്നില്‍ നടക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ മൂന്ന് വാരം കാത്തിരുന്നു. 

ശമ്പളത്തുക മാനേജ്‌മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന നിലപാടില്‍ മാറ്റമുണ്ടകുമെന്ന സൂചന നല്‍കി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നല്‍കാന്‍ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു. അതേസമയം, പ്രതിസന്ധിക്കിടയിലും സിഎന്‍ജി ബസ്സ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി.

Related News